Monday 19 December 2011

പെരുമഴയുടെ പിറ്റേന്ന്..

അലസമായ് കിടന്ന
നേരങ്ങളൊക്കെയും
ഈ മുറിയില്‍
കുന്തിച്ചിരുന്നു..

പൊതിഞ്ഞു വെക്കാന്‍ തുടങ്ങി,
ഇത്രയും നേരം
തുറന്നിട്ട
മനചിത്രങ്ങളൊക്കെയും...

ഭദ്രമാക്കി വെക്കണം
ഉപ്പും പഞ്ചസാരയും
ഭൂതകാലം പൊടിച്ചു വെച്ചതൊക്കെയും...

കടലൊളിപ്പിച്ച കണ്ണും..
പാതി തുറന്ന കാതും..
അനന്തമായ് വ്യമിച്ചതൊക്കെയും..

നനഞ്ഞു തീര്‍ന്ന ഈ കിതപ്പുകളൊക്കെയും,
പൂപ്പലടിക്കും മുമ്പേ...
കുമിഞ്ഞു മണക്കും മുമ്പേ..
തണലത്തു
വിരിച്ചിട്ടുണക്കണം...

കരിഞ്ഞുണങ്ങിയ
എന്റെ മോഹങ്ങളത്രയും ചീന്തി
ഈര്‍പ്പം വന്നയടുപ്പില്‍
തീ പൂട്ടണം...

പിച്ചിയും,
ജമന്തിയും ഓര്‍ക്കിഡും
ഇനി തനിയെ പൂത്തുകൊള്ളും..
സായാഹ്നത്തില്‍ പിന്നെയും കൈ കോര്‍ത്തു നടക്കാന്‍
ഞാനുണ്ടാവില്ലെന്നു അവര്‍ക്കറിയാം,,

അടഞ്ഞ വാതിലിലൂടെ,
കെട്ടിനിന്ന ഓര്‍മ്മകള്‍,
കൊതുകിനു,
കിടക്ക വിരിക്കുന്നത്‌ കണ്ടില്ലെന്നു നടിക്കാം...

മുത്തശ്ശിയുടെ
പഴങ്കഥകളൊക്കെയും
മുറ്റത്തു തനിയെ തളിര്‍ത്തതെന്നു സമാധാനിക്കാം..

ഈ മരവിപ്പുകളൊക്കെയും
തോര്‍ത്തിയെടുത്തു
തകര്‍ന്ന ഈ ശില്പങ്ങളൊക്കെയും,
തറയില്‍ ചിതറിക്കിടക്കട്ടെ....!
ഇനിയൊരു പെരുമഴ പെയ്യും വരെ...!